entertainment
A

Author

Aparna

Published

January 30, 2026

തെരുവ് നായയായ ‘അലോക’യുടെ അത്ഭുത യാത്ര

തെരുവ് നായയായ ‘അലോക’യുടെ അത്ഭുത യാത്ര

കൊൽക്കത്തയിലെ തിരക്കേറിയ തെരുവുകളിൽ ആരും ശ്രദ്ധിക്കാതെ അലഞ്ഞുനടന്ന ഒരു സാധാരണ തെരുവുനായ. ഇന്ന് അതേ നായയാണ് ലോകസമാധാനത്തിന്റെ സന്ദേശവുമായി ആയിരങ്ങൾക്കൊപ്പം നടന്ന് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ‘അലോക’ എന്ന പേരിലുള്ള ഈ ഇന്ത്യൻ നായയുടെ ജീവിതകഥ കേൾക്കുന്നവർക്ക് അത് സിനിമയെ പോലും മറികടക്കുന്ന അനുഭവമാണ്.

ഒരു ദിവസം കൊൽക്കത്തയിൽ ബുദ്ധ സന്യാസിമാർ സമാധാനയാത്ര നടത്തുമ്പോൾ, അവർക്കൊപ്പം പെട്ടെന്ന് ചേർന്ന് നടന്നുതുടങ്ങിയതായിരുന്നു അലോക. ആദ്യം കുറച്ച് ദൂരം മാത്രം നടന്ന നായ പിന്നീട് സന്യാസിമാരെ വിട്ടുമാറിയില്ല. അവരുടെ നിശ്ശബ്ദ നടപ്പിലും പ്രാർത്ഥനകളിലും അലോകയും പങ്കാളിയായി. അങ്ങനെ സന്യാസിമാരുടെ കൂട്ടത്തിൽ അലോക സ്ഥിരം സാന്നിധ്യമായി.

വെളുപ്പും തവിട്ടും കലർന്ന സാധാരണ നാടൻ നായയ്ക്ക് സന്യാസിമാരാണ് ‘അലോക’ എന്ന പേര് നൽകിയത്. ‘പ്രകാശം’ എന്ന അർത്ഥമുള്ള ആ പേര് പോലെ തന്നെ അലോക ഇന്ന് സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ്.

പിന്നീട് സന്യാസിമാർ അമേരിക്കയിൽ സംഘടിപ്പിച്ച ‘വാക്ക് ഫോർ പീസ്’ സമാധാനയാത്രയിലും അലോകയെ കൂട്ടിക്കൊണ്ടുപോയി. 100 ദിവസത്തിലേറെയായി അവരോടൊപ്പം നടന്ന് 3,700 കിലോമീറ്ററിലധികം ദൂരം താണ്ടിയ അലോകയുടെ സമർപ്പണമാണ് ഇപ്പോൾ ലോകത്തെ അത്ഭുതപ്പെടുത്തുന്നത്. ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന യാത്രയിൽ അലോകയും ഒരു സന്യാസിയെപ്പോലെ ശാന്തമായി ചുവടുവെയ്ക്കുന്നു.

സോഷ്യൽ മീഡിയയിലും അലോക വലിയ താരമാണ്. ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, എക്‌സ് എന്നിവിടങ്ങളിൽ അലോകയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി, ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. പലരും അവനെ ‘പീസ് ഡോഗ്’, ‘സമാധാനത്തിന്റെ ദൂത്’ എന്നൊക്കെ വിളിക്കുന്നു. ഒരു കാലത്ത് ആരും കണക്കാക്കാത്ത തെരുവുനായയായിരുന്ന അലോക ഇന്ന് ലോകസമാധാന യാത്രയുടെ ഐക്കണായി മാറിയിരിക്കുന്നു. മനുഷ്യർക്കിടയിൽ സ്നേഹവും കരുണയും പരത്തുന്ന ഒരു സന്ദേശമായി, അലോകയുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നത് ഒരൊറ്റ കാര്യമാത്രം സ്നേഹത്തിനും സമാധാനത്തിനും അതിരുകളില്ല.

Share Article